Friday, July 10, 2009

ബ്ലോഗ്‌ മീറ്റ്‌ പുരസ്‌കാരങ്ങള്‍ നല്‍കുന്നു

ഉടനെ നടക്കാനിരിക്കുന്ന ബൂലോക മീറ്റിംഗില്‍ പങ്കെടുത്ത്‌ മികവ്‌ കാണിക്കുന്നവരെ ആദരിക്കാന്‍ ആള്‍കേരള ബ്ലോഗ്‌ മീറ്റ്‌ കുളം കലക്കല്‍ അസോസിയേഷന്‍ (എ.കെ.ബി.എം.കെ.കെ.എ.) ആലോചിക്കുന്നു. ഏറ്റവുംകൂടുതല്‍ മികവ്‌ നേടുന്നയാള്‍ക്ക്‌ മാന്‍ ഓഫ്‌ ദ മീറ്റ്‌ അവാര്‍ഡ്‌ നല്‍കും.
എന്‍ട്രികള്‍ സ്വീകരിക്കുന്നില്ല. പകരം മീറ്റിംഗ്‌ ഹാളില്‍ എകെബിഎംകെകെഎ രഹസ്യഅനലൈസര്‍ക്യാമറ സ്ഥാപിക്കുന്നതാണ്‌. അതിലെ വിവരങ്ങള്‍ വിലയിരുത്തിയാകും പുരസ്‌കാരങ്ങള്‍ നല്‍കുക.

താഴെ പറയുന്ന കഴിവുകള്‍ പ്രകടിപ്പിക്കുന്നവരെ മാത്രമേ ഈ പുരസ്‌കാരങ്ങള്‍ക്ക്‌ പരിഗണിക്കുകയുള്ളൂ.

മീറ്റിംഗ്‌ നടക്കുന്ന ദിവസവും അതിനു മുന്‍പുള്ള രണ്ടു ദിവസങ്ങളിലും കുളിക്കാനോ വസ്‌ത്രം മാറാനോ പാടില്ല.

പരിപാടിക്ക്‌ നേരത്തെതന്നെ ഒരുകാരണവശാലും എത്താന്‍ പാടില്ല. ഭക്ഷണം വിളമ്പുന്നതിന്‌ 5 മിനുറ്റ്‌ മുമ്പ്‌ മാത്രമായാല്‍ വളരെ നന്നായി.

റജിസ്‌ട്രേഷന്‍ ഫീസ്‌ ഒരു കാരണവശാലും നല്‍കരുത്‌. നേരംവൈകിച്ചെന്നാല്‍ റജിസ്‌ട്രേഷന്‍ കൗണ്ടറിലെ ആളൊക്കെ പോയിരിക്കും. ഇനി തേടിപ്പിടിച്ച്‌ വന്നാല്‍തന്നെ തട്ടുത്തരം പറഞ്ഞ്‌ മാറിക്കളിക്കണം.

ബസ്സില്‍ വരുന്നവര്‍ ബസ്സിറങ്ങി ഓട്ടോ വിളിച്ച്‌ വരികയും ഓട്ടോ നിര്‍ത്തിയ ഉടനെ ഹാളില്‍ കയറി ഏതെങ്കിലും മൂലയിലേക്ക്‌ മുങ്ങുകയും വേണം. അങ്ങനെ ഓട്ടോചാര്‍ജ്ജ്‌ സംഘാടകരെക്കൊണ്ട്‌ കൊടുപ്പിക്കേണ്ടതാണ്‌.

സീറ്റിലിരിക്കുമ്പോള്‍ കാലുകള്‍ മുന്‍സീറ്റിലിലേക്ക്‌ കയറ്റിവെച്ചിരിക്കണം. കാലുകള്‍കൊണ്ട്‌ മുന്‍പിലിരിക്കുന്നയാളുടെ മേനി തലോടിക്കൊണ്ട്‌ സ്‌നേഹം പ്രകടിപ്പിക്കണം.

ഭക്ഷണം എന്നു പറയുമ്പോഴേക്ക്‌ ചാടിയെണീറ്റ്‌ കൈ കഴുകാതെ ഈറ്റിംഗ്‌ സീറ്റില്‍ ഉപവിഷ്‌ടനാകണം.

മീറ്റിംഗില്‍ പങ്കെടുക്കുന്ന മറ്റു ബ്ലോഗര്‍മാരെ തോണ്ടിയും തല്ലിയും ചീത്തവിളിച്ചും കൈകാര്യം ചെയ്‌തുകൊണ്ട്‌ ബ്ലോഗ്‌ മീറ്റ്‌ സജീവമായി നിലനിറുത്തേണ്ടതാണ്‌.

മുഖത്ത്‌ ഒരിക്കലും ചിരി പാടില്ല.

ഹാന്‍ഡ്‌ഷേക്ക്‌ നല്‍കുമ്പോള്‍ സഹബ്ലോഗര്‍മാരെ വേദനിപ്പിക്കുന്നവിധം കൈകള്‍ അമര്‍ത്തിപ്പിടിക്കേണ്ടതാണ്‌.

മീറ്റിംഗ്‌ ദിവസം പുറത്തുനിന്ന്‌ ഭക്ഷണമൊന്നും കഴിക്കാന്‍ പാടുള്ളതല്ല. മീറ്റിംഗുകളിലെ വിരുന്നില്‍, മിനിമം മൂന്ന്‌ പേര്‍ക്കെങ്കിലുമുള്ള ഭക്ഷണം കഴിച്ചിരിക്കേണ്ടതാണ്‌. മറ്റുള്ളവരുടെ പ്ലെയിറ്റില്‍ കയ്യിട്ട്‌ വാരിയിട്ടുണ്ടെങ്കില്‍ ജൂറിയുടെ പത്യേക പരാമര്‍ശത്തിന്‌ പരിഗണിക്കുന്നതാണ്‌.

ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാതെ കയ്യിലുള്ള അവശിഷ്‌ടങ്ങള്‍ മുഴുവന്‍ കുടഞ്ഞ്‌ ഹാളില്‍ വിതറി തന്റെ മഹത്തായ സാന്നിധ്യം അറിയിക്കേണ്ടതാണ്‌.

മീറ്റിംഗില്‍ മൈക്കെടുത്ത്‌ ആരെങ്കിലും പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ കസേരയിലിരുന്ന്‌ ഉറങ്ങിത്തൂങ്ങിയവരായിരിക്കണം. ഉണര്‍ന്നിരിക്കുകയാണെങ്കില്‍ മൈക്ക്‌ പിടിച്ചുവാങ്ങുകയും മേക്കിട്ടുകയറി സംസാരിക്കുകയും ചെയ്‌തിരിക്കണം.

മീറ്റില്‍ സി.ഡി., പുസ്‌തകങ്ങള്‍ തുടങ്ങി വിവിധയിനങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കും വെച്ചിരിക്കും ഇവയെല്ലാം ഓരോന്ന്‌ പരിശോധിക്കാന്‍ വാങ്ങി മെല്ലെ കൈക്കലാക്കണം.

എന്തെങ്കിലും എഴുതിയെടുക്കാനുണ്ടെങ്കില്‍ മറ്റുള്ളവരുടെ കയ്യില്‍നിന്ന്‌ പേനയും കടലാസും വാങ്ങണം. ഇവ ഒരു കാരണവശാലും തിരിച്ചുകൊടുക്കരുത്‌.

തിരിച്ചുപോകാനുള്ള പണം കയ്യിലുണ്ടെങ്കില്‍തന്നെയും മറ്റു ബ്ലോഗര്‍മാരില്‍നിന്ന്‌ കടം വാങ്ങുകയും അടുത്ത മീറ്റിംഗ്‌സമയത്ത്‌ തരാമെന്ന്‌ പറയുകയും ചെയ്യേണ്ടതാണ്‌. (തരില്ല എന്ന്‌ ഈ സമയത്ത്‌ മനസ്സില്‍ പറയണം)


എ.കെ.ബി.എം.കെ.കെ.എ. കീജയ്‌....!!!