Sunday, October 4, 2009

എന്റെ പാര്‍ട്‌ണര്‍ അപകടത്തില്‍ മരിച്ചു

പ്രിയ വായനക്കാരെ, ക്ഷമിക്കുക. ഈ വാര്‍ത്ത ബ്ലോഗിലിടാന്‍ വളരെ വൈകിപ്പോയി.

എന്റെ ബിസിനസ്‌ പാര്‍ട്‌ണറും (പാര്‍ട്‌ണര്‍, പ്രിന്റ്‌സോണ്‍ ഓഫ്‌സെറ്റ്‌ പ്രസ്‌, വൈലത്തൂര്‍, മലപ്പുറം ജില്ല) സുഹൃത്തുമായ മുഷ്‌താഖ്‌ അലി (കുഞ്ഞുട്ടി) 2009 സെപ്‌തമ്പര്‍ 22 തിങ്കളാഴ്‌ച (ചെറിയ പെരുന്നാളിന്‌ പിറ്റേദിവസം) ദേശീയപാതയില്‍, മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത്‌ വെച്ചു നടന്ന
അപകടത്തില്‍ മരിച്ചു.

സ്വന്തം വാഹനമായ ക്വാളിസില്‍ താനാളൂരിലെ ഒരു കുടുംബവുമായി മൈസൂരിലേക്കുള്ള യാത്രക്കിടയില്‍ എതിരെ വന്ന ലോറി മുഷ്‌താഖലി ഓടിച്ചിരുന്ന ക്വാളിസിലേക്ക്‌ വന്നിടിക്കുകയായിരുന്നു.

വീട്ടുകാരുടെയും നാട്ടുകാരുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രിയങ്കരനായ സുഹൃത്തിന്റെ വിടവാങ്ങല്‍ ഈ പ്രദേശത്താകെ ദുഃഖം പടര്‍ത്തി.

അദ്ദേഹത്തിന്റെ സ്വദേശം തുവ്വക്കാട്‌ ആണ്‌. ചെറുപ്പത്തില്‍ കുറെ കാലം വൈലത്തൂര്‍ നഴ്‌സറിപ്പടിയിലെ മാതാവിന്റെ വീട്ടിലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ സുഹൃദ്‌ബന്ധങ്ങളും ബിസിനസ്‌ ബന്ധങ്ങളും വൈലത്തൂര്‍ കേന്ദ്രീകരിച്ചായിരുന്നു. പ്രസ്സ്‌, റിയല്‍ എസ്റ്റേറ്റ്‌, വാഹന വില്‍പന തുടങ്ങി വിവിധ ബിസിനസ്‌ മേഖലകളില്‍ സജീവമായിരുന്നു.

പിതാവ്‌: തയ്യില്‍ കൊടവട്ടത്ത്‌ മൊയ്‌തീന്‍കുട്ടി ഗുരുക്കള്‍. മാതാവ്‌: സൈനബ. ഭാര്യ: ഷൈനി. മക്കള്‍: ഉമറുല്‍ ഫാറൂഖ്‌(4), ഫാത്തിമ നിദ(2).

പെരുന്നാള്‍പിറ്റേന്നായതിനാല്‍ പലരും തീര്‍ത്ഥയാത്രകളിലും മറ്റു യാത്രകളിലുമായിരുന്നു. ചിലര്‍ യാത്രകള്‍ മാറ്റിവച്ച്‌ ദുഃഖഭാരത്തോടെ സ്ഥലത്തെത്തി. എങ്കിലും അഭൂതപൂര്‍വ്വമായ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ്‌ ഖബറടക്കം നടന്നത്‌. കന്മനം കരുവാത്തുകുന്ന്‌ മഹല്ല്‌ ജുമാമസ്‌ജിദില്‍ നടന്ന മയ്യിത്ത്‌ നിസ്‌കാരത്തിന്‌ പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌്‌ലിയാര്‍, നേതൃത്വം നല്‍കി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌്‌ലിയാര്‍, സയ്യിദ്‌ യൂസുഫുല്‍ ബുഖാരി, എന്‍.ബാവ മുസ്‌്‌ലിയാര്‍, അബ്ദുറഹ്‌്‌മാന്‍ രണ്ടത്താണി എം.എല്‍.എ., ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ., അബ്ദുറസാഖ്‌ സഖാഫി വെള്ളിയാമ്പുറം, ബശീര്‍ പറവന്നൂര്‍, ബശീര്‍ ചെല്ലക്കൊടി, എ.എ. റഹീം, ടി.എം. ബശീര്‍ തുടങ്ങിയ പ്രമുഖര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.

പരേതനോടുള്ള ആദരസൂചകമായി വൈലത്തൂര്‍, കുറ്റിപ്പാല ടൗണുകളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.

Friday, July 10, 2009

ബ്ലോഗ്‌ മീറ്റ്‌ പുരസ്‌കാരങ്ങള്‍ നല്‍കുന്നു

ഉടനെ നടക്കാനിരിക്കുന്ന ബൂലോക മീറ്റിംഗില്‍ പങ്കെടുത്ത്‌ മികവ്‌ കാണിക്കുന്നവരെ ആദരിക്കാന്‍ ആള്‍കേരള ബ്ലോഗ്‌ മീറ്റ്‌ കുളം കലക്കല്‍ അസോസിയേഷന്‍ (എ.കെ.ബി.എം.കെ.കെ.എ.) ആലോചിക്കുന്നു. ഏറ്റവുംകൂടുതല്‍ മികവ്‌ നേടുന്നയാള്‍ക്ക്‌ മാന്‍ ഓഫ്‌ ദ മീറ്റ്‌ അവാര്‍ഡ്‌ നല്‍കും.
എന്‍ട്രികള്‍ സ്വീകരിക്കുന്നില്ല. പകരം മീറ്റിംഗ്‌ ഹാളില്‍ എകെബിഎംകെകെഎ രഹസ്യഅനലൈസര്‍ക്യാമറ സ്ഥാപിക്കുന്നതാണ്‌. അതിലെ വിവരങ്ങള്‍ വിലയിരുത്തിയാകും പുരസ്‌കാരങ്ങള്‍ നല്‍കുക.

താഴെ പറയുന്ന കഴിവുകള്‍ പ്രകടിപ്പിക്കുന്നവരെ മാത്രമേ ഈ പുരസ്‌കാരങ്ങള്‍ക്ക്‌ പരിഗണിക്കുകയുള്ളൂ.

മീറ്റിംഗ്‌ നടക്കുന്ന ദിവസവും അതിനു മുന്‍പുള്ള രണ്ടു ദിവസങ്ങളിലും കുളിക്കാനോ വസ്‌ത്രം മാറാനോ പാടില്ല.

പരിപാടിക്ക്‌ നേരത്തെതന്നെ ഒരുകാരണവശാലും എത്താന്‍ പാടില്ല. ഭക്ഷണം വിളമ്പുന്നതിന്‌ 5 മിനുറ്റ്‌ മുമ്പ്‌ മാത്രമായാല്‍ വളരെ നന്നായി.

റജിസ്‌ട്രേഷന്‍ ഫീസ്‌ ഒരു കാരണവശാലും നല്‍കരുത്‌. നേരംവൈകിച്ചെന്നാല്‍ റജിസ്‌ട്രേഷന്‍ കൗണ്ടറിലെ ആളൊക്കെ പോയിരിക്കും. ഇനി തേടിപ്പിടിച്ച്‌ വന്നാല്‍തന്നെ തട്ടുത്തരം പറഞ്ഞ്‌ മാറിക്കളിക്കണം.

ബസ്സില്‍ വരുന്നവര്‍ ബസ്സിറങ്ങി ഓട്ടോ വിളിച്ച്‌ വരികയും ഓട്ടോ നിര്‍ത്തിയ ഉടനെ ഹാളില്‍ കയറി ഏതെങ്കിലും മൂലയിലേക്ക്‌ മുങ്ങുകയും വേണം. അങ്ങനെ ഓട്ടോചാര്‍ജ്ജ്‌ സംഘാടകരെക്കൊണ്ട്‌ കൊടുപ്പിക്കേണ്ടതാണ്‌.

സീറ്റിലിരിക്കുമ്പോള്‍ കാലുകള്‍ മുന്‍സീറ്റിലിലേക്ക്‌ കയറ്റിവെച്ചിരിക്കണം. കാലുകള്‍കൊണ്ട്‌ മുന്‍പിലിരിക്കുന്നയാളുടെ മേനി തലോടിക്കൊണ്ട്‌ സ്‌നേഹം പ്രകടിപ്പിക്കണം.

ഭക്ഷണം എന്നു പറയുമ്പോഴേക്ക്‌ ചാടിയെണീറ്റ്‌ കൈ കഴുകാതെ ഈറ്റിംഗ്‌ സീറ്റില്‍ ഉപവിഷ്‌ടനാകണം.

മീറ്റിംഗില്‍ പങ്കെടുക്കുന്ന മറ്റു ബ്ലോഗര്‍മാരെ തോണ്ടിയും തല്ലിയും ചീത്തവിളിച്ചും കൈകാര്യം ചെയ്‌തുകൊണ്ട്‌ ബ്ലോഗ്‌ മീറ്റ്‌ സജീവമായി നിലനിറുത്തേണ്ടതാണ്‌.

മുഖത്ത്‌ ഒരിക്കലും ചിരി പാടില്ല.

ഹാന്‍ഡ്‌ഷേക്ക്‌ നല്‍കുമ്പോള്‍ സഹബ്ലോഗര്‍മാരെ വേദനിപ്പിക്കുന്നവിധം കൈകള്‍ അമര്‍ത്തിപ്പിടിക്കേണ്ടതാണ്‌.

മീറ്റിംഗ്‌ ദിവസം പുറത്തുനിന്ന്‌ ഭക്ഷണമൊന്നും കഴിക്കാന്‍ പാടുള്ളതല്ല. മീറ്റിംഗുകളിലെ വിരുന്നില്‍, മിനിമം മൂന്ന്‌ പേര്‍ക്കെങ്കിലുമുള്ള ഭക്ഷണം കഴിച്ചിരിക്കേണ്ടതാണ്‌. മറ്റുള്ളവരുടെ പ്ലെയിറ്റില്‍ കയ്യിട്ട്‌ വാരിയിട്ടുണ്ടെങ്കില്‍ ജൂറിയുടെ പത്യേക പരാമര്‍ശത്തിന്‌ പരിഗണിക്കുന്നതാണ്‌.

ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാതെ കയ്യിലുള്ള അവശിഷ്‌ടങ്ങള്‍ മുഴുവന്‍ കുടഞ്ഞ്‌ ഹാളില്‍ വിതറി തന്റെ മഹത്തായ സാന്നിധ്യം അറിയിക്കേണ്ടതാണ്‌.

മീറ്റിംഗില്‍ മൈക്കെടുത്ത്‌ ആരെങ്കിലും പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ കസേരയിലിരുന്ന്‌ ഉറങ്ങിത്തൂങ്ങിയവരായിരിക്കണം. ഉണര്‍ന്നിരിക്കുകയാണെങ്കില്‍ മൈക്ക്‌ പിടിച്ചുവാങ്ങുകയും മേക്കിട്ടുകയറി സംസാരിക്കുകയും ചെയ്‌തിരിക്കണം.

മീറ്റില്‍ സി.ഡി., പുസ്‌തകങ്ങള്‍ തുടങ്ങി വിവിധയിനങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കും വെച്ചിരിക്കും ഇവയെല്ലാം ഓരോന്ന്‌ പരിശോധിക്കാന്‍ വാങ്ങി മെല്ലെ കൈക്കലാക്കണം.

എന്തെങ്കിലും എഴുതിയെടുക്കാനുണ്ടെങ്കില്‍ മറ്റുള്ളവരുടെ കയ്യില്‍നിന്ന്‌ പേനയും കടലാസും വാങ്ങണം. ഇവ ഒരു കാരണവശാലും തിരിച്ചുകൊടുക്കരുത്‌.

തിരിച്ചുപോകാനുള്ള പണം കയ്യിലുണ്ടെങ്കില്‍തന്നെയും മറ്റു ബ്ലോഗര്‍മാരില്‍നിന്ന്‌ കടം വാങ്ങുകയും അടുത്ത മീറ്റിംഗ്‌സമയത്ത്‌ തരാമെന്ന്‌ പറയുകയും ചെയ്യേണ്ടതാണ്‌. (തരില്ല എന്ന്‌ ഈ സമയത്ത്‌ മനസ്സില്‍ പറയണം)


എ.കെ.ബി.എം.കെ.കെ.എ. കീജയ്‌....!!!

Wednesday, June 3, 2009

ഒരു ഗള്‍ഫ്‌ നൊമ്പരം

സഹോദരിമാരുടെ വിവാഹ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കുന്നതിനുവേണ്ടിയാണ്‌ എന്റെ സുഹൃത്തിന്റെ സുഹൃത്ത്‌ ഗള്‍ഫിലേക്ക്‌ കയറിയത്‌. നാട്ടിലായിരുന്നപ്പോള്‍ ഒരിക്കല്‍ ഞാനും അദ്ദേഹവുമായി സംസാരിച്ചിരുന്നു.
വിസക്ക്‌ പൈസയൊന്നുമില്ല. യു.എ.ഇ.യിലാണ്‌ ജോലി. അവിടെ ചെന്നു പണിയെടുത്തു മാസം തികഞ്ഞപ്പോള്‍ കിട്ടിയത്‌ പതിനയ്യായിരം ഇന്ത്യന്‍ രൂപ. വിസക്ക്‌ പൈസ കൊടുക്കാത്തതിനാല്‍ ആ വിഹിതത്തിലേക്ക്‌ മാസത്തില്‍ 3000 രൂപ കൊടുക്കണം. ഭക്ഷണം, താമസം, മറ്റുള്ളവ... ഈ ഇനത്തില്‍ മാസച്ചെലവ്‌ 9000 രൂപ. ബാക്കി 3000 രൂപ.
ഇങ്ങനെയാണെങ്കില്‍ നാട്ടില്‍തന്നെ നിന്നാല്‍ പോരേ? വേദന കടിച്ചിറക്കി അദ്ദേഹം ചിന്തിക്കുന്നു. പൂവണിയാത്ത സ്വപ്‌നങ്ങളുമായി...

Tuesday, May 26, 2009

ബ്ലോഗര്‍മാര്‍ ഒഴുകിവന്ന തൊടുപുഴ

ബ്ലോഗുകളിലൂടെ പരതിനടക്കുന്നതിനിടയിലാണ്‌ ഒരു ദിവസം അത്‌ ശ്രദ്ധിച്ചത്‌. ഹരീഷ്‌ തൊടുപുഴയുടെ നേതൃത്വത്തില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. തിയ്യതി എന്നാവണമെന്ന ചര്‍ച്ച നടക്കുകയാണ്‌. ഞാന്‍ ഇടയ്‌ക്കു കയറിപ്പറഞ്ഞു- തിയ്യതിച്ചര്‍ച്ച നിര്‍ത്തി ഉറച്ചൊരു തീരുമാനമെടുക്കണം. ഞാന്‍ ഏതായാലൂം പങ്കെടുക്കും.

ബ്ലോഗിലൂടെ പിന്നീടറിഞ്ഞു, മെയ്‌ 24-ാം തിയ്യതിയാണ ്‌പരിപാടിയെന്ന്‌.

പിന്നീട്‌, ദൂരം കൂടുതലായതിനാല്‍ ചെറുതൊയൊന്ന്‌ ഊരാന്‍ ഞാന്‍ ശ്രമം നടത്തി. മെയ്‌ 23-ന്‌ ഹരീഷിന്‌ വിളിച്ചു- നമ്മളുടെ ഒരു കുറവുകൊണ്ട്‌ പരിപാടി നടക്കാതിരിക്കേണ്ട എന്നുകരുതി ഉറപ്പ്‌ പറഞ്ഞതാണ്‌. ഞാന്‍ വരണോ? അദ്ദേഹം പറഞ്ഞു- നിര്‍ബന്ധമായും വരണം. വാക്ക്‌ ലംഘിക്കുന്നത്‌ മാന്യതയല്ലല്ലോ? അതുകൊണ്ടുതന്നെ, ഞായറാഴ്‌ച നടക്കേണ്ട സുഹൃത്ത്‌ മുനീറിന്റെ വിവാഹത്തിന്‌ 23ന്‌ രാത്രി പങ്കെടുത്ത്‌ അന്നുതന്നെ രാത്രി 11 മണിക്ക്‌ ഞാനും സുഹൃത്ത്‌ റാസിഖും കൂടി തൊടുപുഴയിലേക്ക്‌ യാത്ര പുറപ്പെട്ടു.

വൈലത്തൂരില്‍ നിന്നും കോട്ടക്കലിലേക്ക്‌ ബസ്‌, അവിടെനിന്നും മൂവാറ്റുപുഴയിലേക്ക്‌. മൂവാറ്റുപുഴയിലെ കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്റില്‍ കുറേ നേരം സിമന്റ്‌ ബഞ്ചിലിരുന്ന്‌, ഉറങ്ങിയും ഉണര്‍ന്നും ചെലവഴിച്ചു. പിന്നെ നേരെ തൊടുപുഴയിലേക്ക്‌.

പുലര്‍ച്ചെ തന്നെ സ്ഥലത്തെത്തി. ടൗണില്‍ കുറേ അങ്ങോട്ടുമിങ്ങോട്ടും നടന്നു നേരം കണക്കാക്കി. പിന്നെ, കുറച്ചുസമയം പത്രവായന.
കാലിച്ചായ കുടിക്കാമെന്നു കരുതിയാണ്‌ ഹോട്ടലില്‍ കയറിയത്‌. കയറിനോക്കിയപ്പോള്‍ പലരും നന്നായി 'തട്ടുന്നു'. സാധാരണ പ്രഭാതഭക്ഷണത്തിന്റെ നേരംവച്ച്‌ നോക്കുമ്പോള്‍ ഇത്‌ നേരത്തെയാണ്‌. ഏതായാലൂം ഞങ്ങളും ഭക്ഷണം കഴിച്ചു പുറത്തിറങ്ങി.

ഒന്നു കുളിച്ചുഫ്രഷാകണമെന്ന ആഗ്രഹമുണ്ടായിരുന്നു.

ഏകദേശം 7 മണിയായപ്പോള്‍ ഹരീഷിന്‌ വിളിച്ചു- ഞങ്ങളിവിടെയെത്തിയിട്ടുണ്ട്‌. കേള്‍ക്കേണ്ടതാമസം നിമിഷങ്ങള്‍ക്കകം അദ്ദേഹം കാറുമായി ഞങ്ങള്‍ നിന്നിരുന്ന ഗാന്ധിസ്‌ക്വയറിലെത്തി. ഹരീഷ്‌ തൊടുപുഴ എന്ന സ്‌ക്രീനില്‍ കാണുന്ന ആ സ്‌നേഹമനുഷ്യനെ ഞങ്ങള്‍ നേരിട്ടുകണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം മനസ്സിലൂറിവന്നു. അദ്ദേഹം ഞങ്ങളെ ഹോട്ടല്‍മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

അവിടെ തലേ ദിവസമെത്തിയ അനില്‍@ബ്ലോഗും, ചാണക്യനുമുണ്ടായിരുന്നു. അവരുടെ ഉറക്കച്ചടവിനിടയില്‍ ഏതാനും നേരം ചില വര്‍ത്തമാനങ്ങള്‍. ഒരാള്‍ ഡോക്ടറും മറ്റെയാള്‍ പത്രപ്രവര്‍ത്തകനുമാണ്‌. പ്രാഥമിക കൃത്യങ്ങള്‍കഴിഞ്ഞു ഫ്രഷായി. അല്‍പ്പസമയത്തിനകം കാലിച്ചായ എത്തി.

വീണ്ടും അല്‌പസമയം കുശലം പറഞ്ഞ്‌, ഓരോരുത്തരായി ഫ്രഷായിക്കഴിഞ്ഞ്‌ റൂമില്‍നിന്നും പുറത്തിറങ്ങി.

മീറ്റിംഗ്‌ നടക്കുന്ന അര്‍ബന്‍ ബാങ്ക്‌ ഓഡിറ്റോറിയത്തിലെത്തിയപ്പോഴേക്കും പലരും എത്തിക്കഴിഞ്ഞിരുന്നു. പിന്നെ, അനൗദ്യോഗികമായി വ്യക്തിപരമായ പരിചയപ്പെടലുകളായി.

നിരക്ഷരനെ പരിചയപ്പെട്ടപ്പോള്‍ കൗതുകം തോന്നി. ഫോട്ടോയില്‍ കാണുന്ന നീട്ടിവളര്‍ത്തിയ മുടിയൊന്നും കാണുന്നില്ല. എല്ലാം വെട്ടിയൊതുക്കിയ ഒരു ചുള്ളന്‍..! അദ്ദേഹത്തിന്‌ ഒരു പത്ത്‌ വയസ്സെങ്കിലും കുറഞ്ഞപോലെ- ബ്ലോഗര്‍മാരില്‍ പലരും അഭിപ്രായപ്പെട്ടു.

ഇടയ്‌ക്ക്‌ പ്രഭാതഭക്ഷണം കഴിക്കാത്തവരെ തിരഞ്ഞുപിടിച്ച്‌ ഹരീഷ്‌ ഭക്ഷണംകഴിപ്പിച്ചുവിട്ടു.

ഇനി മീറ്റിംഗ്‌ ആരംഭിക്കുകയായി. കസേരകള്‍ വട്ടത്തിലിട്ടു എല്ലാവരും അഭിമുഖമായിരുന്നു. മൈക്ക്‌ കൈമാറി എല്ലാവരും സ്വയം പരിചയപ്പെടുത്തലാരംഭിച്ചു. ചിലര്‍ ബ്ലോഗനുഭവങ്ങള്‍ ഹ്രസ്വമായി പങ്കുവെച്ചു. ഇടയ്‌ക്ക്‌ പാട്ടുപാടലും കവിത ചൊല്ലലും... അങ്ങനെ വിവിധയിനങ്ങള്‍.

ഇതിനിടയിലാണ്‌ വിനയ ചില അഭിപ്രായങ്ങള്‍ പറഞ്ഞത്‌. ഏതാനും ഫെമിനിസ്റ്റ്‌ അഭിപ്രായങ്ങള്‍. ഞാനിതിനോട്‌ ചെറുതായൊന്ന്‌ വിയോജിച്ചു സംസാരിച്ചു. ബാബുരാജും എന്റെ വാദത്തോടനുകൂലിച്ച്‌ സംസാരിച്ചു. അനില്‍ പറഞ്ഞു- നമ്മളൊരു സംവാദത്തിനല്ല ഇവിടെ വന്നിരിക്കുന്നത്‌; സൗഹൃദം പങ്കുവെക്കുന്നതിനാണ്‌; സംവാദം നമുക്ക്‌ ബ്ലോഗിലാകാം. വിനയ പിന്നീടൊരു അഭിപ്രായപ്രകടനംകൂടി നടത്തി. അനിലിന്റെ അഭിപ്രായം മാനിക്കണമല്ലോ. ഞാന്‍ വിഷയംവിട്ടു. (പിന്നീട്‌ ഞാന്‍ വിനയയെ കണ്ട്‌ സൗഹൃദത്തിലേര്‍പ്പെട്ട്‌ സംഗതി വിഷയമാക്കേണ്ടെന്നു സൂചിപ്പിച്ചു. നമ്മളെല്ലാം സംവദിക്കണമെന്നും സംവദിച്ചാലേ സൗഹൃദം വളരൂവെന്നും മറ്റും വിനയയും പറഞ്ഞു.)

ഇടയ്‌ക്ക്‌ കാപ്പിലാന്റെ നിഴല്‍ച്ചിത്രങ്ങള്‍ എന്ന പുസ്‌തകത്തിന്റെ പ്രദര്‍ശനവും വില്‍പനയും നടക്കുകയുണ്ടായി.

പരിചയപ്പെടലുകളും ഏതാനും ചെറിയ ചെറിയ കൂട്ടങ്ങളായുള്ള ചര്‍ച്ചകളും പങ്കുവെക്കലുകളും കഴിഞ്ഞ ശേഷം ഉച്ചഭക്ഷണത്തിനുള്ള സമയമായി. ബിരിയാണി വേണ്ടവര്‍ക്ക്‌ അത്‌. വേണ്ടെന്നുള്ളവര്‍ക്ക്‌ നാടന്‍ സദ്യയും. ഞാനും സുഹൃത്തും ബിരിയാണിയാണ്‌ തെരഞ്ഞെടുത്തത്‌. ഞങ്ങളുടെ നാട്ടിലുള്ളതില്‍നിന്ന്‌ വ്യത്യസ്‌തമായ രീതിയിലാണ്‌ ബിരിയാണിയാണിത്‌. ഇത്‌ തൊടുപുഴ ശൈലിയാണോ? അറിഞ്ഞുകൂടാ. ഏതായാലും അടിപൊളിയായിരുന്നു. ഊണിനുശേഷം ഐസ്‌ക്രീമും നുണഞ്ഞു.

ഭക്ഷണശേഷം ടൂറിസ്റ്റ്‌ ബസ്സില്‍ തൊമ്മന്‍കുത്തിലേക്ക്‌ യാത്ര. യാത്രക്കിടയിലും പാട്ടും കവിതയും തമാശകളും സ്ഥലവിവരണങ്ങളും തകര്‍ത്തുകൊണ്ടേയിരുന്നു.

തൊമ്മന്‍കുത്തിലെ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കണ്ടശേഷം ഓഡിറ്റോറിയത്തിലേക്ക്‌ മടങ്ങിയ ഞങ്ങളെ തീറ്റിക്കാന്‍ കപ്പയും മുളകുചമ്മന്തിയും കട്ടന്‍കാപ്പിയും റെഡി. അതും മുടക്കിയില്ല.

എല്ലാം കഴിഞ്ഞ്‌ വൈകുന്നേരം 5.30 ന്‌ ഞങ്ങള്‍ പിരിഞ്ഞു, എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞുകൊണ്ട്‌.


തൊടുപുഴ ബ്ലോഗേഴ്‌സ്‌ മീറ്റില്‍ പങ്കെടുത്തവര്‍:
(ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തില്‍)

1.
അനില്‍@ബ്ലോഗ്‌
2.
അനൂപ്‌ കോതനല്ലൂര്‍
3.
ബാബുരാജ്‌
4.
ചാണക്യന്‍
5.
ചാര്‍വാകന്‍
6.
ധനേഷ്‌
7.
ഹരീഷ്‌ തൊടുപുഴ, അദ്ദേഹത്തിന്റെ സ്‌റ്റാഫ്‌
8. അമ്മ തങ്കം
9. ഭാര്യ മഞ്‌ജുഷ
10. മകള്‍ ആവണി
11.
കാന്താരിക്കുട്ടി
12. മകള്‍ റോഷ്‌നി
13.
ലതി
14. മകന്‍ ബ്രഹ്‌്‌മദര്‍ശന്‍
15.
മണികണ്‌ഠന്‍
16.
മണി ഷാരത്ത്‌
17.
മുരളിക
18.
നാട്ടുകാരന്‍
19. ഭാര്യ നിഷ
20.
നിരക്ഷരന്‍
21.
പാവത്താന്‍
22.
സമാന്തരന്‍
23. ശാര്‍ങ്‌ധരന്‍
24.
ശിവ
25. ഭാര്യ സരിജ
26.
സോജന്‍
27.
സുനില്‍ കൃഷ്‌ണന്‍
28.
typist | എഴുത്തുകാരി
29. മകള്‍
പ്രിയ
30.
വഹാബ്‌
31. സുഹൃത്ത്‌ റാഷിക്‌
32.
വിനയ

മേല്‍പ്പറഞ്ഞവരില്‍ ശാര്‍ങ്‌ധരന്റെ പേര്‌ സെര്‍ച്ച്‌ ചെയ്‌തിട്ടും ലിങ്കുകളൊന്നും കണ്ടെത്താനായില്ല. കൈവശമുള്ളവര്‍ അറിയിക്കുവാനപേക്ഷ. സോജന്റെ ലിങ്ക്‌ ശരിയാണോ എന്നതില്‍ സംശയമുണ്ട്‌. അതും ആരെങ്കിലും ഉറപ്പുവരുത്തിയാല്‍ നന്നായി. നാട്ടുകാരന്റെ ഭാര്യയുടെ പ്രൊഫൈലും ലഭിച്ചിട്ടില്ല.
ഏതെങ്കിലും പ്രൊഫൈല്‍ ലിങ്കുകളില്‍ പിഴവുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ?

തൊടുപുഴ മീറ്റിനെക്കുറിച്ചുള്ള മറ്റു
പോസ്‌റ്റുകള്‍ ഇതുവരെ:-
1.
http://kalyanasaugandikam.blogspot.com/2009/05/blog-post_25.html
13. http://entesrishty.blogspot.com/2009/05/blog-post_30.html
ഇനിയും പല പോസ്‌റ്റുകളും വരാനിരിക്കുന്നു.

ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത പലരും ഇനിയും ഇത്തരം മീറ്റിംഗുകള്‍ നടത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മീറ്റിംഗ്‌ നടത്തുന്നതിന്‌ പ്രശ്‌നമൊന്നുമില്ല. സാമ്പത്തികമാണ്‌ വിഷയം. ഈയൊരു പരിപാടിക്കുതന്നെ ഭീമമായ ഒരു സംഖ്യയാണ്‌ നമ്മുടെ ആതിഥേയന്‍ ചിലവഴിച്ചിരിക്കുന്നത്‌ എന്നത്‌ ഏതൊരാള്‍ക്കും മനസ്സിലാകും.

എല്ലാവര്‍ക്കും നന്ദി, പ്രത്യേകിച്ച്‌ ഞങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ച ഹരീഷ്‌, അവരുടെ കുടുംബം, സ്റ്റാഫ്‌... കൂടാതെ, ക്ഷണം സ്വീകരിക്കാന്‍ സന്‍മനസ്സ്‌ കാണിച്ച സഹബ്ലോഗര്‍മാര്‍.... എല്ലാവര്‍ക്കും.

Monday, March 16, 2009

ഇന്റര്‍നെറ്റിലെ മലയാളം ടി.വി.-ഒരു സംശയം

പ്രിയപ്പെട്ട ബൂലോകരെ,
ഒരു സംശയം. ഇന്റര്‍നെറ്റില്‍ ലഭ്യമായ മലയാളം ടി.വി. ചാനലുകള്‍ ഏതൊക്കെയാണ്‌? ഇന്ത്യാവിഷനും മനോരമന്യൂസും മാത്രമാണ്‌ ഇപ്പോള്‍ ലഭ്യമാവുന്നതെന്നുതോന്നുന്നു. ഇവതന്നെ പൂര്‍ണ്ണമായും ലഭ്യവുമല്ല. മറ്റേതെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുവാനപേക്ഷ. 

Saturday, March 7, 2009

നടുക്കുന്ന ചില ദൃശ്യങ്ങള്‍ (ചൈനയില്‍ നിന്ന്‌)എനിക്ക്‌ ഇമെയിലില്‍ ലഭിച്ചതാണിത്‌. സത്യാവസ്ഥ അറിയില്ല. 


Tuesday, March 3, 2009

സൂക്ഷിക്കുക ഇവര്‍ ആളെക്കൊല്ലും

ഞാന്‍ ഇന്ന്‌ (മാര്‍ച്ച്‌ 3) കോഴിക്കോടിനടുത്ത രാമനാട്ടുകരയില്‍നിന്നും കോട്ടക്കലിനടുത്തുള്ള എടരിക്കോട്‌ വരെ ഒരു ബസ്സില്‍ യാത്ര ചെയ്‌തു. 

കോഴിക്കോടുനിന്നും ഗുരുവായൂരിലേക്കു പോകുന്ന ബസ്സാണ്‌. പേര്‌ സഫാരി. നമ്പര്‍ KL11 U 3737. വൈകുന്നേരം 7 മണിക്ക്‌ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ എത്തുന്ന ബസ്സാണിത്‌. അമിതവേഗതയായിരുന്നു ബസിന്‌. ഇരമ്പിയാര്‍ത്ത്‌ പാഞ്ഞുകൊണ്ടിരുന്ന ബസിലിരുന്ന്‌ ഇതിനെതിരെ കണ്ടക്ടറോട്‌ പരാതിപ്പെട്ടു. ഫലമുണ്ടായില്ല. അയാള്‍ പറയുന്നത്‌ ഞങ്ങള്‍ക്ക്‌ റണ്ണിംഗ്‌ ടൈമിന്‌ ഓടിയെത്തണ്ടേ എന്നാണ്‌. കോഴിക്കോട്ടുനിന്നും കോട്ടക്കല്‍വരെയുള്ള റണ്ണിംഗ്‌ ടൈം അന്വേഷിച്ചപ്പോള്‍ 1 മണിക്കൂര്‍ 10 മിനിറ്റാണെന്നാണ്‌ അയാള്‍ പറഞ്ഞത്‌. എന്റെ കണക്കുപ്രകാരം മര്യാദ സ്‌പീഡില്‍ പോന്നാല്‍ തന്നെ എത്താവുന്ന സമയം. എന്നിട്ടുമെന്തിനാണീ മരണപ്പാച്ചിലെന്ന്‌ മനസ്സിലായില്ല. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കണ്ടക്ടര്‍ മെല്ലെ ഒഴിഞ്ഞുമാറിപ്പോയി. 

ഇറങ്ങാന്‍ നേരം ഡ്രൈവറോടും കാര്യം പറഞ്ഞു. ഈ ബസ്സിലെ ഡ്രൈവര്‍ ആരെയെങ്കിലും കൊന്നേ അടങ്ങൂ എന്ന്‌ എനിക്ക്‌ തോന്നുന്നു. അടുത്തുള്ള യാത്രക്കാരനുമായി ഈ വിഷയം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു- അമിതവേഗത കാരണം കോട്ടക്കല്‍ വെച്ച്‌ ഏതാനും പേര്‍ സംഘം ചേര്‍ന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയ ബസാണിത്‌. അദ്ദേഹം ഇതുകൂടി പറഞ്ഞു- സ്വയം നന്നാകാന്‍ തീരുമാനിക്കാത്തവരെ നാട്ടുകാര്‍ നന്നാക്കാന്‍ ശ്രമിച്ചാലും ഒരുപരിധിവരെ നന്നാവില്ലെന്ന്‌.

വാഹനാപകടങ്ങള്‍ ഭീകരമാംവിധം ഉയരുകയാണ്‌ നമ്മുടെ നാട്ടില്‍. ഇക്കഴിഞ്ഞ ഒരാഴ്‌ചക്കിടയില്‍ എന്റെ നാട്ടില്‍, വൈലത്തൂരിനടുത്ത പൊന്‍മുണ്ടത്ത്‌ ഒരു ബൈക്കില്‍ പിക്കപ്പ്‌ വാന്‍ വന്നു കയറി ഒരു സ്‌ത്രീ ദാരുണമായി മരിക്കുകയുണ്ടായി. തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയാണ്‌ മരിച്ചത്‌.

വലിയൊരുപങ്കും അപകടങ്ങള്‍ ബൈക്കപകടങ്ങളാണ്‌. എന്റെ നാട്ടിലും പരിസരത്തുമായി ഈയിടെയായി നിരവധി ബൈക്കപകടങ്ങള്‍ നടക്കുകയുണ്ടായി. തല തകര്‍ന്നവര്‍, കൈകാലുകള്‍ തകര്‍ന്നവര്‍, മരിച്ചവര്‍ അങ്ങനെ പലരുമുണ്ടിക്കൂട്ടത്തില്‍.

ബ്ലോഗുകളില്‍ വാഹനാപകടങ്ങള്‍ ഒരു സജീവ ചര്‍ച്ചാവിഷയമല്ലെന്നാണ്‌ തോന്നുന്നത്‌. മനുഷ്യനെ നടുറോട്ടിലിട്ട്‌ ചമ്മന്തി പോലെ അരച്ചെടുക്കുന്ന ഈ ഏര്‍പ്പാട്‌ നമ്മുടെ സജീവ ചര്‍ച്ചാവിഷയമാകേണ്ടതാണ്‌.
താഴെ പറയുന്ന വിഷയങ്ങളെക്കുറിച്ച്‌ വിശദമായ ചര്‍ച്ച ആവശ്യമാണ്‌:
1. വാഹനാപകടങ്ങള്‍ എങ്ങനെ തടയാം?
2. അമിതവേഗതയിലോടുന്ന ബസുകളില്‍ യാത്രക്കാരെ സംഘടിതരാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍.
3. മനുഷ്യസ്‌നേഹവും ദയയും ഡ്രൈവര്‍മാരുടെ മനസ്സില്‍ എങ്ങനെ ഊട്ടിയുറപ്പിക്കാം?
4. പോലീസിനെ വിവരം അറിയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.
5. അമിതവേഗതയിലോടുന്ന ബസുകളിന്‍ മേല്‍ ബ്ലാക്ക്‌ലിസ്‌റ്റ്‌ ചെയ്‌തതായുള്ള സ്‌റ്റിക്കര്‍ പതിച്ചുകൂടേ? ഈ ബസ്സുകളില്‍ യാത്രക്കാര്‍ക്ക്‌ സംഘടിക്കാനും പ്രതികരിക്കാനും ഇത്‌ പ്രചോദനമാവും.
6. യാത്രക്കാര്‍ സംഘടിതരല്ലാത്തതാണ്‌ പലപ്പോഴും പ്രശ്‌നം.