Friday, November 28, 2008

പുസ്‌തകങ്ങളുടെ പൊള്ളുന്ന വില

പുസ്‌തകങ്ങളുടെ വന്‍വില കാരണം സാധാരണക്കാരന്‌ ഇന്ന്‌ പുസ്‌തകങ്ങള്‍ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്‌. ഡി.സി. ബുക്‌സ്‌, പെന്‍ ബുക്‌സ്‌ തുടങ്ങിയ മുന്‍നിര പ്രസാധകര്‍ വിലയുടെ കാര്യത്തിലും മുന്‍പന്തിയിലാണ്‌. ഇവരുടെ ചില പുസ്‌തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ്‌ കോപ്പിയെടുത്താല്‍ പോലും പുസ്‌തകങ്ങള്‍ വിലകൊടുത്തുവാങ്ങുന്നയത്ര ചെലവുവരുന്നില്ല! ഡി.സി. ബുക്‌സിന്റെ ലോകരാഷ്‌ട്രങ്ങള്‍ എന്ന പുസ്‌തകത്തിന്റെ മുഖവില 2500 രൂപയാണ്‌. ഈ പുസ്‌തകം പ്രീ-പബ്ലിക്കേഷനില്‍ നല്‍കുന്നത്‌ 1500 രൂപക്കും. ആയിരം രൂപയുടെ വ്യത്യാസം. അങ്ങിനെയാണെങ്കില്‍ പ്രസാധകരുടെ ലാഭം എത്രയാണ്‌? മാത്രവുമല്ല, പ്രീപബ്ലിക്കേഷനില്‍ വാങ്ങാന്‍ കഴിയാത്തവര്‍ ഈ പുസ്‌തകം ആയിരം രൂപ കൂടുതല്‍ നല്‍കി പിന്നീട്‌ വാങ്ങണം. പ്രീ-പബ്ലിക്കേഷനില്‍ വാങ്ങാത്തവര്‍ പിന്നീട്‌ പുസ്‌തകം വാങ്ങേണ്ടതില്ല, വാങ്ങുന്നുണ്ടെങ്കില്‍ തന്നെ അവരെ അമിതമായി ചൂഷണം ചെയ്യണം എന്ന വാശികൂടി ഇതിലടങ്ങിയിട്ടുണ്ടെന്നു തോന്നിപ്പോകുന്നു.

സി.ഡി., ഇന്റര്‍നെറ്റ്‌, ഇ.ബുക്ക്‌, തുടങ്ങിയ ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ കടന്നുകയറ്റം നടന്നുകൊണ്ടിരിക്കുന്ന വായനാലോകത്ത്‌ പുസ്‌തകങ്ങളുടെ പൊള്ളുന്ന വില കൂടിയാവുമ്പോള്‍ പുസ്‌തകപ്രസാധന മേഖല അപ്പാടെ അസ്‌തമിക്കുകയാവും ഫലം. ഇക്കാര്യം മനസ്സിലാക്കുവാന്‍ പ്രസാധകര്‍ തയ്യാറാകണമെന്നപേക്ഷിക്കുന്നു.

NB: ഞാന്‍ ഒരു ഡി.സി. ബുക്‌സ്‌ വിരോധിയല്ല, മറിച്ച്‌ അവരുടെ സ്ഥിരം കസ്‌റ്റമര്‍ കൂടിയാണ്‌. ഡി.സി. ബുക്‌സിന്റെ വി.ഐ.പി. ഗോള്‍ഡ്‌ അംഗത്വമുണ്ട്‌. പച്ചക്കുതിര മാസികയുടെ വരിക്കാരനുമാണ്‌.

Friday, November 21, 2008

ചില മാതൃഭൂമിക്കഥകള്‍

ഞാന്‍ മാധ്യമ വിശേഷം എന്നൊരു ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു. ഇതാ ലിങ്ക്‌:  http://www.madhyamavishesham.blogspot.com/ 

Friday, November 14, 2008

ക്രിക്കറ്റ്‌ എന്ന കിറുക്ക്‌

ക്രിക്കറ്റ്‌ എന്ന കളിയെ വെറുക്കുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍. മണിക്കൂറുകള്‍ നീളുന്ന കളിയാണിത്‌. കളി വിട്ട്‌ കാര്യത്തിലേക്ക്‌ കടക്കുന്ന കളി. മനുഷ്യന്റെ എത്ര വിലപ്പെട്ട സമയമാണ്‌ ഈ കളി നഷ്ടപ്പെടുത്തുന്നത്‌?

പണമുള്ളവന്‌ കളിക്കാം. കളി കാണാം. അവന്‌ വേറെ ഒന്നും ചിന്തിക്കാനില്ല. പക്ഷേ, ചില സാധുക്കളുണ്ട്‌ ഈ കളിക്ക്‌ പിന്നാലെ പായുന്നവരില്‍. ജോലിയെടുത്ത്‌ വൈകുന്നേരമാവുമ്പോഴേക്ക്‌ അന്നത്തേക്ക്‌ ജീവിക്കാനുള്ള വകയൊപ്പിക്കേണ്ടവര്‍. ഈ മരമണ്ടന്മാര്‍ കിട്ടുന്ന നേരം ടി.വി.ക്ക്‌ മുമ്പിലിരുന്ന്‌ ക്രിക്കറ്റും കണ്ട്‌ കാലിപ്പോക്കറ്റുമായി വീട്ടില്‍ തിരിച്ചെത്തുന്നു, അതും നട്ടപ്പാതിരക്ക്‌.

പഠനവും പരീക്ഷയും മാറ്റിവെച്ച്‌ ക്രിക്കറ്റ്‌ ഭ്രാന്ത്‌ പിടിപെട്ട വിദ്യാര്‍ത്ഥികളെയും നമുക്ക്‌ കാണാനാകുന്നു.

ഇവര്‍ക്കൊക്കെ എന്ന്‌ ബോധമുദിക്കും?

ചാനലുകാര്‍ക്കും കളിക്കാര്‍ക്കുമൊക്കെ പണക്കൊയ്‌ത്താണ്‌. ഈ കണ്ടിരിക്കുന്നവര്‍ക്കെന്ത്‌ കിട്ടാനാണ്‌?

ഫുട്‌ബോള്‍ സഹിക്കാം. കാരണം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം. കളിയുടെ പരിധി വിടാത്ത കളി. ക്രിക്കറ്റോ?

ക്രിക്കറ്റ്‌ നിരോധിച്ചാല്‍ കുറേ സാധു മനുഷ്യര്‍ രക്ഷപ്പെടും. പക്ഷേ നടക്കില്ല. പലരുടെയും പോക്കറ്റിലേക്കുള്ള വരവ്‌ നിലയ്‌ക്കും.

Friday, October 24, 2008

ഐ.എസ്‌.എം. മലയാളം ടൈപ്പിംഗ്‌ പാഠം-1

ഐ.എസ്‌.എം. സോഫ്‌റ്റ്‌വെയര്‍ കീകള്‍ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യുവാന്‍ പലരും താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്‌.

Typeit എന്ന സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്യുന്ന രീതിയാണ്‌ ഇവിടെ പറയുന്നത്‌.
1. http://www.softpedia.com/get/Office-tools/Text-editors/Typeit.shtml എന്ന ലിങ്കില്‍ നിന്നും ടൈപ്പിറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.
2. ടൈപ്പിറ്റ്‌ ഇന്‍സ്റ്റാള്‍ ചെയ്യുക.
3. Tools > Keyboard > Inscript ആണ്‌ സെറ്റിംഗ്‌ എന്ന്‌ ഉറപ്പുവരുത്തുക

ഇനി ടൈപ്പ്‌ ചെയ്‌തു തുടങ്ങാം
ഓരോ പ്രാവശ്യവും capslock പ്രസ്സു ചെയ്യുന്നതിനനുസരിച്ച്‌ മലയാളവും ഇംഗ്ലീഷും മാറിമാറിവരും.
1. ആദ്യമായി നാം ടൈപ്പ്‌ ചെയ്യുന്ന വാക്ക്‌: മലയാളം.

caps lock അമര്‍ത്തി മലയാളത്തില്‍ നിര്‍ത്തിയ ശേഷം താഴെ അക്ഷരങ്ങള്‍ ടൈപ്പുചെയ്‌തുനോക്കൂ...
cn/eNx
സി, എന്‍, ബാര്‍, ഇ, ഷിഫ്‌റ്റ്‌ എന്‍, എക്‌സ്‌ എന്നീ അക്ഷരങ്ങള്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

ഏതൊരു അക്ഷരത്തിന്റെയും 'ാ' കാരം ലഭിക്കുന്നതിന്‌ e എന്ന അക്ഷരമാണ്‌ ഉപയോഗിക്കേണ്ടത്‌.
വിവിധ അക്ഷരങ്ങള്‍ പരീക്ഷിച്ചുനോക്കുക.
ഉദാ:- മാ (ce), പാ(he), കാ (ke)
ഏതൊരു അക്ഷരത്തിന്റെയും 'ം' രൂപം ലഭിക്കുന്നതിന്‌ x ഉപയോഗിക്കുക.
മം (cx), ലം (nx), യം (/x)
ഇനി ഫയല്‍ സേവ്‌ ചെയ്യാം.
------------------------------------------
ബ്ലോഗുകളിലും മറ്റും യൂണികോഡ്‌ ആയി ഇവ പേസ്റ്റ്‌ ചെയ്യുന്നതിന്‌
1. മെനുവിലെ convert> to unicode കൊടുക്കുക.
2. ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററില്‍ ഈ ടെക്‌സ്‌റ്റുകള്‍ വന്നുനില്‍ക്കും.
3. എക്‌സ്‌പ്ലോററിലെ ഈ ടെക്‌സ്‌റ്റ്‌ കോപ്പി ചെയ്‌ത്‌ ബ്ലോഗുകളിലേക്കും വെബ്‌പേജുകളിലേക്കും പേസ്റ്റ്‌്‌ ചെയ്യാം.
--------------------------------------

(തുടരും)

Monday, August 4, 2008

ആശീര്‍വ്വദിക്കൂ, ഈ പുതിയ ബ്ലോഗറെ....

മലപ്പുറം ബ്ലോഗ്‌ ശില്‍പ്പശാലയില്‍ പങ്കെടുത്ത പ്രദീപ്‌ പേരശന്നൂര് ‍ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു. http://pradeepperassannur.blogspot.com/

വായിച്ച്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി സഹകരിക്കുവാന്‍ എല്ലാ ബൂലോഗരോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

മരണക്കത്തിന്റെ പൊല്ലാപ്പും പ്രസ്സുകാരും

പ്രസ്സുകാരായ ഞങ്ങള്‍ക്ക്‌ പേടിസ്വപ്‌നമായ ഒരു സംഗതിയുണ്ട്‌. മരണക്കത്ത്‌ എന്നാണിവന്‌ പറയുക. രാത്രിയില്‍ സുഖമായുറങ്ങുമ്പോഴോ, രാവിലെ പ്രാഥമിക കൃത്യങ്ങള്‍ നടത്താനിരിക്കുമ്പോഴോ പലപ്പോഴും ഇവന്‍ വന്നു കയറിയാലാണ്‌ വല്യ ശല്യമാവുക. അസമയങ്ങളില്‍ ഫോണ്‍ റിംഗ്‌ ചെയ്യുന്നുണ്ടെങ്കില്‍ മിക്കവാറും ഒന്നുറപ്പിക്കാം- ആരോ മരിച്ചിട്ടുണ്ട്‌.
നമ്മുടെ ഫോണ്‍ ഓഫായിക്കിടക്കുകയോ, നമ്പര്‍ ലഭ്യമല്ലാതിരിക്കുകയോ ചെയ്‌താല്‍ അതിനേക്കാള്‍ വലിയ പൊല്ലാപ്പാണ്‌. ശല്യം നേരിട്ട്‌ വീട്ടിലെത്തും. പ്രസ്സിനടുത്ത്‌, ടൗണില്‍ തന്നെ വീടായതിനാല്‍ എനിക്ക്‌ മിക്കപ്പോഴും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്‌.
മുസ്‌്‌ലിംകളില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ പേരില്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനും മയ്യിത്ത്‌ നിസ്‌കരിക്കുന്നതിനും വേണ്ടി തയ്യാറാക്കുന്ന കത്താണ്‌ മരണക്കത്ത്‌. മരിച്ചകത്ത്‌്‌ എന്നും പറയും. ഈ സാധനത്തിന്‌ ഒരു നല്ല പേരില്ലെന്നാണ്‌ തോന്നുന്നത്‌.
ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ഉടനെ പ്രസ്സുകാരനെ തേടിയെത്തും- മരണക്കത്തടിക്കാന്‍. സംസ്‌കാരത്തിനായി പള്ളിയിലേക്ക്‌ കൊണ്ടുപോകുന്നതിന്‌, വീട്ടില്‍ നിന്നെടുക്കുന്നന്നതിനു മുമ്പായി (മയ്യിത്തെടുക്കുന്നതിന്‌ മുമ്പായി) ഈ കത്ത്‌ അടിച്ചുകൊടുക്കണം.
മയ്യിത്ത്‌ സന്ദര്‍ശിക്കുന്നവര്‍ ഇത്‌ അവരവരുടെ നാട്ടിലെ പള്ളികളിലെത്തിക്കും. ഇതാണ്‌ രീതി. പണ്ട്‌ ലറ്റര്‍ പ്രസ്സുകാര്‍ ഈ കത്ത്‌ ഇന്‍ലന്റ്‌ രൂപത്തിലുള്ള കത്തിലാണ്‌ അടിച്ചുകൊടുത്തിരുന്നത്‌. കറന്റ്‌ ഇല്ലാതെയും കാല്‍ കൊണ്ട്‌ ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന പഴയകാല ലെറ്റര്‍ പ്രസ്സുകള്‍ ഇപ്പോള്‍ മിക്കയിടത്തും ഓര്‍മ്മ മാത്രമായി. ഇപ്പോള്‍ ഓഫ്‌സെറ്റ്‌ പ്രസ്സുകളുടെ യുഗമായി.
പ്രിന്റിംഗ്‌ വേഗത്തിലായി എന്ന്‌ അഭിമാനിക്കാമെങ്കിലും നിമിഷങ്ങള്‍ കൊണ്ട്‌ മരണക്കത്തടിക്കുക എന്നത്‌ പ്രയാസകരമായ കാര്യമാണ്‌. കാരണം ഡി.ടി.പി. എടുക്കണം. ഇന്‍ലന്റ്‌ സ്റ്റോക്ക്‌ ചെയ്യണം. മെഷീനില്‍ മാസ്‌റ്റര്‍ ഫിറ്റു ചെയ്യണം. പ്രിന്റിംഗില്‍ സഹായിക്കാന്‍ ചെയ്യാന്‍ ഒരാളും വേണം. അസമയങ്ങളിലായിരിക്കും പലപ്പോഴും ഓര്‍ഡര്‍ വരുന്നത്‌. കറന്റ്‌ പോയാല്‍ കട്ടപ്പുകയുമായി. ഇക്കാരണങ്ങളാല്‍ ഡി.ടി.പി.യും ഫോട്ടോസ്‌റ്റാറ്റുമെടുത്ത്‌ കവറിലിട്ടുകൊടുക്കുകയാണിപ്പോള്‍ ചെയ്യുന്നത്‌. ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം.
എന്നാല്‍ ഇന്‍ലന്റ്‌ കത്ത്‌ കണ്ട്‌ ശീലിച്ച (പ്രത്യേകിച്ചും പ്രായമായവര്‍ക്ക്‌്‌) ചിലര്‍ക്ക്‌ ഇത്‌ പിടിക്കില്ല. അവര്‍ ഇന്‍ലന്റ്‌കത്തടിക്കുന്ന ഇടം തേടിപ്പോകും. പലരും ഇങ്ങനെയെങ്കില്‍ ഇങ്ങനെ എന്നും പറഞ്ഞ്‌ തിരിച്ചുംവരും.
ഇന്‍ലന്റ്‌ മോഡലില്‍ തന്നെ വേണമെന്ന്‌ വാശിപിടിക്കുന്നതിന്റെ വിഡ്‌ഢിത്തമോര്‍ത്താല്‍ കൗതുകം തോന്നും. കാരണം ഈ സാധനം കൊണ്ടുപോയി പള്ളിയിലെ മിമ്പറില്‍ കൊണ്ടുപോയിടും. ഇമാമോ ഖത്തീബോ മയ്യിത്ത്‌ നിസ്‌കാരത്തിന്‌ മുമ്പായി ഇതെടുത്ത്‌ പേരൊന്ന്‌ വായിക്കും. ഈ ആവശ്യത്തിന്‌ ഡി.ടി.പി.-ഫോട്ടോസ്‌റ്റാറ്റ്‌ മോഡല്‍ തന്നെ ധാരാളം.
മാന്യമഹാജനങ്ങളേ, അതുകൊണ്ട്‌ ആര്‍ക്കെങ്കിലും മരണക്കത്തടിക്കണമെങ്കില്‍ രാവിലെ 8.30ന്‌ വന്നാല്‍ മതി. 10 മിനിറ്റു കൊണ്ട്‌ ഡി.ടി.പി. എടുത്ത്‌, ഫോട്ടോസ്‌റ്റാറ്റുമെടുത്ത്‌്‌ ഏതാനും നിമിഷങ്ങള്‍ കൊണ്ട്‌ പരിപാടി തീര്‍ക്കാം. ഫോട്ടോസ്‌റ്റാറ്റ്‌ ഷോപ്പ്‌ തുറക്കാന്‍ രാവിലെ എട്ടര കഴിയും.
മരണക്കത്തിന്‌ അഡ്വാന്‍സ്‌ പലപ്പോഴും ചോദിക്കാന്‍ തോന്നില്ല. കാരണം മരണം മൂലമുള്ള സഹതാപ സാഹചര്യം. കണ്ടറിഞ്ഞ്‌ തരുന്ന നല്ലമനുഷ്യരുണ്ട്‌.അഡ്വാന്‍സ്‌ വാങ്ങാത്തതിന്റെ ചൂട്‌ ഒരിക്കലനുഭവിച്ചു. പണ്ടൊരു ടീം മരണത്തടിക്കാന്‍ പറഞ്ഞ്‌ എന്നെ വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന്‌ തുറപ്പിച്ചു. ഞാന്‍ ഡി.ടി.പി. ചെയ്‌ത ശേഷം, ഫോട്ടോസ്‌റ്റാറ്റെടുക്കാനായി പോയി. തിരിച്ചുവന്നപ്പോഴേക്കും കക്ഷികളെ കാണാനില്ല. ഡി.ടി.പി. മോഡല്‍ പറ്റുമോ എന്ന സംശയം പിടികൂടിയതിനാല്‍ പറ്റാത്തതുകൊണ്ട്‌ ഊരിയതായിരിക്കാനാണ്‌ സാധ്യത.
എനിക്കും വാശിയായി. സമീപത്തുള്ള അരീക്കാട്‌ പ്രദേശത്താണ്‌ മരണം നടന്നത്‌ എന്ന്‌ കത്തില്‍നിന്ന്‌ മനസ്സിലായിരുന്നു. ഞാനും പാര്‍ട്‌ണര്‍ മുഷ്‌താഖലിയും കൂടി ബൈക്കില്‍ നേരെ അരീക്കാട്ടേക്ക്‌ വിട്ടു. മരിച്ചവീടന്വേഷിച്ചപ്പോള്‍ പെട്ടെന്ന്‌ കണ്ടെത്താനായി. അവിടെചെന്നു. കത്തടിക്കാന്‍ ഏല്‍പ്പിച്ചവര്‍ അപ്പോള്‍ അവിടെയില്ല. അവിടെ ഉത്തരവാദിത്തപ്പെട്ടഒരാളെ കത്തേല്‍പ്പിച്ച്‌ കാശും വാങ്ങി ഞങ്ങള്‍ സ്ഥലംവിട്ടു. കത്തേല്‍പ്പിച്ച 'മാന്യന്മാര്‍' പിന്നീടിതറിഞ്ഞിരിക്കണം.

Friday, August 1, 2008

കെ.എസ്‌.ഇ.ബി. ഷോക്കടിപ്പിക്കുന്നു

ഇതെന്താണപ്പാ?
ഈ മാസം കറന്റ്‌ ബില്ലിന്‌ പുറമെ ഇതുംഅടക്കണംത്രേ?
ജീവിക്കാന്‍ സമ്മതിക്കൂല.എന്റെ സുഹൃത്ത്‌ റസാഖ്‌ പറമ്പിന്‍മുകള്‍
ഇന്ന്‌്‌ രാവിലെത്തന്നെ പായ്യേരം പറഞ്ഞ്‌ ഓടിവന്നു കാണിച്ചു
തന്ന ബില്ലിന്റെ കോപ്പിയാണിത്‌.