പ്രസ്സുകാരായ ഞങ്ങള്‍ക്ക് പേടിസ്വപ്‌നമായ ഒരു സംഗതിയുണ്ട്. മരണക്കത്ത് എന്നാണിവന് പറയുക. രാത്രിയില്‍ സുഖമായുറങ്ങുമ്പോഴോ, രാവിലെ പ്രാഥമിക കൃത്യങ്ങള്‍ നടത്താനിരിക്കുമ്പോഴോ പലപ്പോഴും ഇവന്‍ വന്നു കയറിയാലാണ് വല്യ ശല്യമാവുക. അസമയങ്ങളില്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കില്‍ മിക്കവാറും ഒന്നുറപ്പിക്കാം- ആരോ മരിച്ചിട്ടുണ്ട്.
നമ്മുടെ ഫോണ്‍ ഓഫായിക്കിടക്കുകയോ, നമ്പര്‍ ലഭ്യമല്ലാതിരിക്കുകയോ ചെയ്‌താല്‍ അതിനേക്കാള്‍ വലിയ പൊല്ലാപ്പാണ്. ശല്യം നേരിട്ട് വീട്ടിലെത്തും. പ്രസ്സിനടുത്ത്, ടൗണില്‍ തന്നെ വീടായതിനാല്‍ എനിക്ക് മിക്കപ്പോഴും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്.
മുസ്‌്‌ലിംകളില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ പേരില്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനും മയ്യിത്ത് നിസ്‌കരിക്കുന്നതിനും വേണ്ടി തയ്യാറാക്കുന്ന കത്താണ് മരണക്കത്ത്. മരിച്ചകത്ത്‌് എന്നും പറയും. ഈ സാധനത്തിന് ഒരു നല്ല പേരില്ലെന്നാണ് തോന്നുന്നത്.
ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ഉടനെ പ്രസ്സുകാരനെ തേടിയെത്തും- മരണക്കത്തടിക്കാന്‍. സംസ്‌കാരത്തിനായി പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന്, വീട്ടില്‍ നിന്നെടുക്കുന്നന്നതിനു മുമ്പായി (മയ്യിത്തെടുക്കുന്നതിന് മുമ്പായി) ഈ കത്ത് അടിച്ചുകൊടുക്കണം.
മയ്യിത്ത് സന്ദര്‍ശിക്കുന്നവര്‍ ഇത് അവരവരുടെ നാട്ടിലെ പള്ളികളിലെത്തിക്കും. ഇതാണ് രീതി. പണ്ട് ലറ്റര്‍ പ്രസ്സുകാര്‍ ഈ കത്ത് ഇന്‍ലന്റ് രൂപത്തിലുള്ള കത്തിലാണ് അടിച്ചുകൊടുത്തിരുന്നത്. കറന്റ് ഇല്ലാതെയും കാല്‍ കൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന പഴയകാല ലെറ്റര്‍ പ്രസ്സുകള്‍ ഇപ്പോള്‍ മിക്കയിടത്തും ഓര്‍മ്മ മാത്രമായി. ഇപ്പോള്‍ ഓഫ്‌സെറ്റ് പ്രസ്സുകളുടെ യുഗമായി.
പ്രിന്റിംഗ് വേഗത്തിലായി എന്ന് അഭിമാനിക്കാമെങ്കിലും നിമിഷങ്ങള്‍ കൊണ്ട് മരണക്കത്തടിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. കാരണം ഡി.ടി.പി. എടുക്കണം. ഇന്‍ലന്റ് സ്റ്റോക്ക് ചെയ്യണം. മെഷീനില്‍ മാസ്‌റ്റര്‍ ഫിറ്റു ചെയ്യണം. പ്രിന്റിംഗില്‍ സഹായിക്കാന്‍ ചെയ്യാന്‍ ഒരാളും വേണം. അസമയങ്ങളിലായിരിക്കും പലപ്പോഴും ഓര്‍ഡര്‍ വരുന്നത്. കറന്റ് പോയാല്‍ കട്ടപ്പുകയുമായി. ഇക്കാരണങ്ങളാല്‍ ഡി.ടി.പി.യും ഫോട്ടോസ്‌റ്റാറ്റുമെടുത്ത് കവറിലിട്ടുകൊടുക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം.
എന്നാല്‍ ഇന്‍ലന്റ് കത്ത് കണ്ട് ശീലിച്ച (പ്രത്യേകിച്ചും പ്രായമായവര്‍ക്ക്‌്) ചിലര്‍ക്ക് ഇത് പിടിക്കില്ല. അവര്‍ ഇന്‍ലന്റ്‌കത്തടിക്കുന്ന ഇടം തേടിപ്പോകും. പലരും ഇങ്ങനെയെങ്കില്‍ ഇങ്ങനെ എന്നും പറഞ്ഞ് തിരിച്ചുംവരും.
ഇന്‍ലന്റ് മോഡലില്‍ തന്നെ വേണമെന്ന് വാശിപിടിക്കുന്നതിന്റെ വിഡ്‌ഢിത്തമോര്‍ത്താല്‍ കൗതുകം തോന്നും. കാരണം ഈ സാധനം കൊണ്ടുപോയി പള്ളിയിലെ മിമ്പറില്‍ കൊണ്ടുപോയിടും. ഇമാമോ ഖത്തീബോ മയ്യിത്ത് നിസ്‌കാരത്തിന് മുമ്പായി ഇതെടുത്ത് പേരൊന്ന് വായിക്കും. ഈ ആവശ്യത്തിന് ഡി.ടി.പി.-ഫോട്ടോസ്‌റ്റാറ്റ് മോഡല്‍ തന്നെ ധാരാളം.
മാന്യമഹാജനങ്ങളേ, അതുകൊണ്ട് ആര്‍ക്കെങ്കിലും മരണക്കത്തടിക്കണമെങ്കില്‍ രാവിലെ 8.30ന് വന്നാല്‍ മതി. 10 മിനിറ്റു കൊണ്ട് ഡി.ടി.പി. എടുത്ത്, ഫോട്ടോസ്‌റ്റാറ്റുമെടുത്ത്‌് ഏതാനും നിമിഷങ്ങള്‍ കൊണ്ട് പരിപാടി തീര്‍ക്കാം. ഫോട്ടോസ്‌റ്റാറ്റ് ഷോപ്പ് തുറക്കാന്‍ രാവിലെ എട്ടര കഴിയും.
മരണക്കത്തിന് അഡ്വാന്‍സ് പലപ്പോഴും ചോദിക്കാന്‍ തോന്നില്ല. കാരണം മരണം മൂലമുള്ള സഹതാപ സാഹചര്യം. കണ്ടറിഞ്ഞ് തരുന്ന നല്ലമനുഷ്യരുണ്ട്.അഡ്വാന്‍സ് വാങ്ങാത്തതിന്റെ ചൂട് ഒരിക്കലനുഭവിച്ചു. പണ്ടൊരു ടീം മരണത്തടിക്കാന്‍ പറഞ്ഞ് എന്നെ വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന് തുറപ്പിച്ചു. ഞാന്‍ ഡി.ടി.പി. ചെയ്‌ത ശേഷം, ഫോട്ടോസ്‌റ്റാറ്റെടുക്കാനായി പോയി. തിരിച്ചുവന്നപ്പോഴേക്കും കക്ഷികളെ കാണാനില്ല. ഡി.ടി.പി. മോഡല്‍ പറ്റുമോ എന്ന സംശയം പിടികൂടിയതിനാല്‍ പറ്റാത്തതുകൊണ്ട് ഊരിയതായിരിക്കാനാണ് സാധ്യത.
എനിക്കും വാശിയായി. സമീപത്തുള്ള അരീക്കാട് പ്രദേശത്താണ് മരണം നടന്നത് എന്ന് കത്തില്‍നിന്ന് മനസ്സിലായിരുന്നു. ഞാനും പാര്‍ട്‌ണര്‍ മുഷ്‌താഖലിയും കൂടി ബൈക്കില്‍ നേരെ അരീക്കാട്ടേക്ക് വിട്ടു. മരിച്ചവീടന്വേഷിച്ചപ്പോള്‍ പെട്ടെന്ന് കണ്ടെത്താനായി. അവിടെചെന്നു. കത്തടിക്കാന്‍ ഏല്‍പ്പിച്ചവര്‍ അപ്പോള്‍ അവിടെയില്ല. അവിടെ ഉത്തരവാദിത്തപ്പെട്ടഒരാളെ കത്തേല്‍പ്പിച്ച് കാശും വാങ്ങി ഞങ്ങള്‍ സ്ഥലംവിട്ടു. കത്തേല്‍പ്പിച്ച 'മാന്യന്മാര്‍' പിന്നീടിതറിഞ്ഞിരിക്കണം.
No comments:
Post a Comment