Tuesday, March 3, 2009

സൂക്ഷിക്കുക ഇവര്‍ ആളെക്കൊല്ലും

ഞാന്‍ ഇന്ന്‌ (മാര്‍ച്ച്‌ 3) കോഴിക്കോടിനടുത്ത രാമനാട്ടുകരയില്‍നിന്നും കോട്ടക്കലിനടുത്തുള്ള എടരിക്കോട്‌ വരെ ഒരു ബസ്സില്‍ യാത്ര ചെയ്‌തു. 

കോഴിക്കോടുനിന്നും ഗുരുവായൂരിലേക്കു പോകുന്ന ബസ്സാണ്‌. പേര്‌ സഫാരി. നമ്പര്‍ KL11 U 3737. വൈകുന്നേരം 7 മണിക്ക്‌ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ എത്തുന്ന ബസ്സാണിത്‌. അമിതവേഗതയായിരുന്നു ബസിന്‌. ഇരമ്പിയാര്‍ത്ത്‌ പാഞ്ഞുകൊണ്ടിരുന്ന ബസിലിരുന്ന്‌ ഇതിനെതിരെ കണ്ടക്ടറോട്‌ പരാതിപ്പെട്ടു. ഫലമുണ്ടായില്ല. അയാള്‍ പറയുന്നത്‌ ഞങ്ങള്‍ക്ക്‌ റണ്ണിംഗ്‌ ടൈമിന്‌ ഓടിയെത്തണ്ടേ എന്നാണ്‌. കോഴിക്കോട്ടുനിന്നും കോട്ടക്കല്‍വരെയുള്ള റണ്ണിംഗ്‌ ടൈം അന്വേഷിച്ചപ്പോള്‍ 1 മണിക്കൂര്‍ 10 മിനിറ്റാണെന്നാണ്‌ അയാള്‍ പറഞ്ഞത്‌. എന്റെ കണക്കുപ്രകാരം മര്യാദ സ്‌പീഡില്‍ പോന്നാല്‍ തന്നെ എത്താവുന്ന സമയം. എന്നിട്ടുമെന്തിനാണീ മരണപ്പാച്ചിലെന്ന്‌ മനസ്സിലായില്ല. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കണ്ടക്ടര്‍ മെല്ലെ ഒഴിഞ്ഞുമാറിപ്പോയി. 

ഇറങ്ങാന്‍ നേരം ഡ്രൈവറോടും കാര്യം പറഞ്ഞു. ഈ ബസ്സിലെ ഡ്രൈവര്‍ ആരെയെങ്കിലും കൊന്നേ അടങ്ങൂ എന്ന്‌ എനിക്ക്‌ തോന്നുന്നു. അടുത്തുള്ള യാത്രക്കാരനുമായി ഈ വിഷയം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു- അമിതവേഗത കാരണം കോട്ടക്കല്‍ വെച്ച്‌ ഏതാനും പേര്‍ സംഘം ചേര്‍ന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയ ബസാണിത്‌. അദ്ദേഹം ഇതുകൂടി പറഞ്ഞു- സ്വയം നന്നാകാന്‍ തീരുമാനിക്കാത്തവരെ നാട്ടുകാര്‍ നന്നാക്കാന്‍ ശ്രമിച്ചാലും ഒരുപരിധിവരെ നന്നാവില്ലെന്ന്‌.

വാഹനാപകടങ്ങള്‍ ഭീകരമാംവിധം ഉയരുകയാണ്‌ നമ്മുടെ നാട്ടില്‍. ഇക്കഴിഞ്ഞ ഒരാഴ്‌ചക്കിടയില്‍ എന്റെ നാട്ടില്‍, വൈലത്തൂരിനടുത്ത പൊന്‍മുണ്ടത്ത്‌ ഒരു ബൈക്കില്‍ പിക്കപ്പ്‌ വാന്‍ വന്നു കയറി ഒരു സ്‌ത്രീ ദാരുണമായി മരിക്കുകയുണ്ടായി. തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയാണ്‌ മരിച്ചത്‌.

വലിയൊരുപങ്കും അപകടങ്ങള്‍ ബൈക്കപകടങ്ങളാണ്‌. എന്റെ നാട്ടിലും പരിസരത്തുമായി ഈയിടെയായി നിരവധി ബൈക്കപകടങ്ങള്‍ നടക്കുകയുണ്ടായി. തല തകര്‍ന്നവര്‍, കൈകാലുകള്‍ തകര്‍ന്നവര്‍, മരിച്ചവര്‍ അങ്ങനെ പലരുമുണ്ടിക്കൂട്ടത്തില്‍.

ബ്ലോഗുകളില്‍ വാഹനാപകടങ്ങള്‍ ഒരു സജീവ ചര്‍ച്ചാവിഷയമല്ലെന്നാണ്‌ തോന്നുന്നത്‌. മനുഷ്യനെ നടുറോട്ടിലിട്ട്‌ ചമ്മന്തി പോലെ അരച്ചെടുക്കുന്ന ഈ ഏര്‍പ്പാട്‌ നമ്മുടെ സജീവ ചര്‍ച്ചാവിഷയമാകേണ്ടതാണ്‌.
താഴെ പറയുന്ന വിഷയങ്ങളെക്കുറിച്ച്‌ വിശദമായ ചര്‍ച്ച ആവശ്യമാണ്‌:
1. വാഹനാപകടങ്ങള്‍ എങ്ങനെ തടയാം?
2. അമിതവേഗതയിലോടുന്ന ബസുകളില്‍ യാത്രക്കാരെ സംഘടിതരാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍.
3. മനുഷ്യസ്‌നേഹവും ദയയും ഡ്രൈവര്‍മാരുടെ മനസ്സില്‍ എങ്ങനെ ഊട്ടിയുറപ്പിക്കാം?
4. പോലീസിനെ വിവരം അറിയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.
5. അമിതവേഗതയിലോടുന്ന ബസുകളിന്‍ മേല്‍ ബ്ലാക്ക്‌ലിസ്‌റ്റ്‌ ചെയ്‌തതായുള്ള സ്‌റ്റിക്കര്‍ പതിച്ചുകൂടേ? ഈ ബസ്സുകളില്‍ യാത്രക്കാര്‍ക്ക്‌ സംഘടിക്കാനും പ്രതികരിക്കാനും ഇത്‌ പ്രചോദനമാവും.
6. യാത്രക്കാര്‍ സംഘടിതരല്ലാത്തതാണ്‌ പലപ്പോഴും പ്രശ്‌നം. 

4 comments:

മുജാഹിദ് said...

വേഗം ലക്ഷ്യസ്ഥാനത്തെത്തണം എന്ന ചിന്തയോടു കൂടി ‘വേഗത’കുറഞ്ഞ ബസ്സുകളില്‍ കയറാതെ ‘വേഗത’ കൂടുതലുള്ള ബസ്സ് തന്ന്നെ നോക്കി കയറുന്നവരും കുറവല്ല.

അല്ല;

ഭൂരിപക്ഷവും അത്തരക്കാര്‍ തന്നെയാണ്!!

എന്തു ചെയ്യും?

Anonymous said...

ഡ്രൈവറെ കയ്യേറ്റം ചെയ്യുക എന്നതാണ് ഒന്നാമത്തെ പരിഹാരം..
പറ്റുമെങ്കില്‍ ബസ് മുതലാളിയെയും ..

കടവന്‍ said...

ഡ്രൈവറെ കയ്യേറ്റം ചെയ്യുക എന്നതാണ് ഒന്നാമത്തെ പരിഹാരം..
പറ്റുമെങ്കില്‍ ബസ് മുതലാളിയെയും ..yes

Unknown said...

കോട്ടയം എറണാകുളം റോഡാണ് ഞങ്ങളുടെത്.ഇവിടെയും അമിതവേഗമാണ്.പക്ഷെ ആരോട് പരാതി പറയാൻ