പ്രിയ വായനക്കാരെ, ക്ഷമിക്കുക. ഈ വാര്‍ത്ത ബ്ലോഗിലിടാന്‍ വളരെ വൈകിപ്പോയി.
എന്റെ ബിസിനസ് പാര്‍ട്‌ണറും (പാര്‍ട്‌ണര്‍, പ്രിന്റ്‌സോണ്‍ ഓഫ്‌സെറ്റ് പ്രസ്, വൈലത്തൂര്‍, മലപ്പുറം ജില്ല) സുഹൃത്തുമായ മുഷ്‌താഖ് അലി (കുഞ്ഞുട്ടി) 2009 സെപ്‌തമ്പര്‍ 22 തിങ്കളാഴ്‌ച (ചെറിയ പെരുന്നാളിന് പിറ്റേദിവസം) ദേശീയപാതയില്‍, മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് വെച്ചു നടന്ന അപകടത്തില്‍ മരിച്ചു.
സ്വന്തം വാഹനമായ ക്വാളിസില്‍ താനാളൂരിലെ ഒരു കുടുംബവുമായി മൈസൂരിലേക്കുള്ള യാത്രക്കിടയില്‍ എതിരെ വന്ന ലോറി മുഷ്‌താഖലി ഓടിച്ചിരുന്ന ക്വാളിസിലേക്ക് വന്നിടിക്കുകയായിരുന്നു.
വീട്ടുകാരുടെയും നാട്ടുകാരുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രിയങ്കരനായ സുഹൃത്തിന്റെ വിടവാങ്ങല്‍ ഈ പ്രദേശത്താകെ ദുഃഖം പടര്‍ത്തി.
അദ്ദേഹത്തിന്റെ സ്വദേശം തുവ്വക്കാട് ആണ്. ചെറുപ്പത്തില്‍ കുറെ കാലം വൈലത്തൂര്‍ നഴ്‌സറിപ്പടിയിലെ മാതാവിന്റെ വീട്ടിലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ സുഹൃദ്‌ബന്ധങ്ങളും ബിസിനസ് ബന്ധങ്ങളും വൈലത്തൂര്‍ കേന്ദ്രീകരിച്ചായിരുന്നു. പ്രസ്സ്, റിയല്‍ എസ്റ്റേറ്റ്, വാഹന വില്‍പന തുടങ്ങി വിവിധ ബിസിനസ് മേഖലകളില്‍ സജീവമായിരുന്നു.
പിതാവ്: തയ്യില്‍ കൊടവട്ടത്ത് മൊയ്‌തീന്‍കുട്ടി ഗുരുക്കള്‍. മാതാവ്: സൈനബ. ഭാര്യ: ഷൈനി. മക്കള്‍: ഉമറുല്‍ ഫാറൂഖ്(4), ഫാത്തിമ നിദ(2).
പെരുന്നാള്‍പിറ്റേന്നായതിനാല്‍ പലരും തീര്‍ത്ഥയാത്രകളിലും മറ്റു യാത്രകളിലുമായിരുന്നു. ചിലര്‍ യാത്രകള്‍ മാറ്റിവച്ച് ദുഃഖഭാരത്തോടെ സ്ഥലത്തെത്തി. എങ്കിലും അഭൂതപൂര്‍വ്വമായ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് ഖബറടക്കം നടന്നത്. കന്മനം കരുവാത്തുകുന്ന് മഹല്ല് ജുമാമസ്‌ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌്‌ലിയാര്‍, നേതൃത്വം നല്‍കി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി, എന്‍.ബാവ മുസ്‌്‌ലിയാര്‍, അബ്ദുറഹ്‌്‌മാന്‍ രണ്ടത്താണി എം.എല്‍.എ., ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ., അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, ബശീര്‍ പറവന്നൂര്‍, ബശീര്‍ ചെല്ലക്കൊടി, എ.എ. റഹീം, ടി.എം. ബശീര്‍ തുടങ്ങിയ പ്രമുഖര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.
പരേതനോടുള്ള ആദരസൂചകമായി വൈലത്തൂര്‍, കുറ്റിപ്പാല ടൗണുകളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.