
ജീവിതം അവസാനിച്ചെന്നു കരുതിയ നിമിഷങ്ങള്‍ രണ്ടു പ്രാവശ്യം എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
ഒന്ന്, എന്റെ വല്യുമ്മ(ഉപ്പയുടെ ഉമ്മ)യോടൊപ്പം ഒരു ബന്ധുവീട്ടില്‍ പോയപ്പോഴാണ്. അന്ന് ഞാനും വല്ല്യുമ്മയും അടുത്തുള്ള കുളത്തിലേക്ക് കുളിക്കാന്‍ പോയി. ഞാന്‍ വെള്ളത്തിലിറങ്ങി നീന്തിക്കളിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ കുളത്തിന്റെ പടവുകളില്‍ നിന്നും എന്റെ കാലുകള്‍ തെന്നിമാറിക്കൊണ്ടിരുന്നു. ഞാന്‍ കുറേശ്ശേയായി ആഴത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. വല്യുമ്മ പുറംതിരിഞ്ഞുനിന്ന് കാലുകളും ചെരിപ്പും തേച്ച് വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഏതോ ഒരു നിമിഷത്തില്‍ അവര്‍ തിരിഞ്ഞുനോക്കി. എന്നെ കാണുന്നില്ല. വല്യുമ്മ കാണുകയാണെങ്കില്‍ പിടിച്ചോട്ടെ എന്നു കരുതി ഞാനെന്റെ കൈ നീട്ടിപ്പിടിച്ചു. ഭാഗ്യം! ഒരു നല്ല നിമിഷത്തില്‍ അവരെന്റെ കൈ കണ്ടു, നിമിഷങ്ങള്‍ക്കകം ആഴത്തില്‍നിന്നും പിടിച്ചുകയറ്റി. ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അന്ന് അവര്‍ തിരിഞ്ഞുനോക്കിയില്ലായിരുന്നുവെങ്കില്‍....!
മറ്റൊരു സംഭവം എന്റെ ഉമ്മയുടെ വീ്‌ട്ടില്‍ പോയ സമയത്താണ്. ഞാനും എന്റെ മൂത്തമ്മയുടെ (ഉമ്മയുടെ ജ്യേഷ്ടത്തിയുടെ) മക്കളും കൂടിയാണ് അല്‍പമകലെയുള്ള പുഴയിലേക്ക് കുളിക്കാന്‍ പോയത്. അവര്‍ക്ക് നീന്തലറിയാം. എനിക്കറിയില്ല. ഞാനും അവരോടൊപ്പം ആഴമില്ലാത്ത സ്ഥലം നോക്കി നീന്തിക്കളിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ഞാന്‍ നിന്നിരുന്ന പാറക്കല്ലില്‍നിന്നും കാല്‍ തെന്നി മാറി. ഞാന്‍ പുഴയിലേക്കാഴ്‌ന്നുകൊണ്ടിരുന്നു. എല്ലാം അവസാനിച്ചെന്ന് ഞാന്‍ കണക്കുകൂട്ടി. ഒഴുക്കുള്ള പുഴയില്‍ വെപ്രാളപ്പെട്ട് ഞാന്‍ കയ്യും കാലും ഇളക്കിമറിച്ചുകൊണ്ടിരുതുകാരണം അവര്‍ എന്നെ പിടിച്ചുവലിച്ച് കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഞാന്‍ പിടുത്തം വിട്ട് കൂടുതല്‍ ആഴത്തിലേക്കെത്തിത്തുടങ്ങി.
ജീവിതത്തിലെ കഴിഞ്ഞുപോയ നിമിഷങ്ങളെ ഞാനോര്‍ത്തു... പല പല കാഴ്‌ചകള്‍, വ്യക്തികള്‍, സംഭവങ്ങള്‍... ഭാവിജീവിതത്തിനു വേണ്ടി നെയ്‌തുവെച്ച സ്വപ്‌നങ്ങള്‍... എല്ലാം ഞാനോര്‍ത്തു. ഇതാ, ഈ നിമിഷം എല്ലാം അവസാനിക്കാന്‍ പോവുകയാണ്, പ്രിയ ജീവിതമേ വിട.... എല്ലാവര്‍ക്കും സലാംചൊല്ലി പിരിയാന്‍ ഞാന്‍ തീര്‍ച്ചപ്പെടുത്തി. രക്ഷയുടെ യാതൊരു മാര്‍ഗ്ഗവും മുന്നില്‍ ഞാന്‍ കാണുന്നില്ല. പുഴയിലെ വെള്ളം എന്റെ വയറ്റില്‍ ഇതിനകം നിറഞ്ഞുകഴിഞ്ഞിരുന്നു.
ഈ സമയം എന്റെ കൂട്ടുകാര്‍ എനിക്കുവേണ്ടി ഉച്ചത്തില്‍ നിലവിളിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
തൊട്ടടുത്ത പള്ളിയില്‍ നിസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രായമായ (എന്നാല്‍ ആരോഗ്യവാനുമാണ്) ഒരാള്‍ ഓടിവന്ന് പുഴയിലേക്കെടുത്തുചാടി. എന്നെ കരകയറ്റി രക്ഷിച്ചു. എന്നെ അന്ന് രക്ഷിച്ചയാള്‍ ആരാണ്? എനിക്കിന്നുമറിയില്ല. ആ സഹൃദയമനസ്സിന് ഒരായിരം നന്ദി.
2 comments:
അതായത് രണ്ടു പ്രാവശ്യം ലോട്ടറിയടിച്ച ആളാണ് വഹാബ്.
kollam...
Post a Comment